ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ രാജ്യത്തെ പ്രകൃതിവാതക വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്‍എന്‍ജി കയറ്റുമതി പുനരാരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2026-ലെ പ്രകൃതിവാതക വിതരണ നിയന്ത്രണ ഉത്തരവില്‍ ഭേദഗതി വരുത്തിയതോടെ, ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന എല്‍എന്‍ജിയും മുന്‍ഗണനാ വ്യവസ്ഥകളില്ലാതെ പഴയപടി വിപണിയിലെത്തും.
കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഇറാന് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഗള്‍ഫില്‍ നിന്നുള്ള ഊര്‍ജ്ജ വിതരണം പ്രതിസന്ധിയിലായത്. പ്രധാന ജലപാതയായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടതോടെ ഖത്തറില്‍ നിന്നുള്ളതടക്കമുള്ള എല്‍എന്‍ജി ഇറക്കുമതി മുടങ്ങുകയായിരുന്നു. വിതരണക്കാര്‍ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്, മാര്‍ച്ച് 9-ന് അവശ്യവസ്തു നിയമപ്രകാരം അവശ്യ മേഖലകള്‍ക്ക് മുന്‍ഗണന നല്കി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പൈപ്പ് ഗ്യാസ്, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി, എല്‍പിജി ഉല്‍പ്പാദനം എന്നിവയ്ക്കായിരുന്നു അന്ന് സര്‍ക്കാര്‍ പൂര്‍ണ്ണ മുന്‍ഗണന നല്‍കിയിരുന്നത്. വളം നിര്‍മ്മാണ പ്ലാന്റുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഗ്യാസ് വിഹിതം ഉറപ്പാക്കിയപ്പോള്‍, പെട്രോകെമിക്കല്‍ പ്ലാന്റുകള്‍, വൈദ്യുത നിലയങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍ എന്നിവയ്ക്കുള്ള വിതരണത്തില്‍ വലിയ തോതില്‍ വെട്ടിക്കുറവ് വരുത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളായ ഗെയ്ലിന്റെയും പിപിഎസിയുടെയും നേതൃത്വത്തിലായിരുന്നു ലഭ്യമായ വാതകം പൂള് ചെയ്ത് ഈ അടിയന്തര വിതരണ ശൃംഖല ഏകോപിപ്പിച്ചിരുന്നത്.
രാജ്യത്തെ ഊര്‍ജ്ജ വിതരണ ശൃംഖല പൂര്‍ണ്ണമായും പഴയതുപോലെ സാധാരണ നിലയിലായെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ, നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഡീസല്‍ വിതരണത്തിലെ നിയന്ത്രണങ്ങളും റിഫൈനറികള്ക്കായുള്ള പ്രത്യേക നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പൂര്‍ണ്ണമായും ഒഴിവാക്കി. റിഫൈനറികളിലെ എല്‍പിജി ഉല്‍പ്പാദനം പരമാവധിയാക്കാനുള്ള നിര്‍ദ്ദേശവും നേരത്തെ പിന്‍വലിച്ചിരുന്നു. പഴയ വാണിജ്യ കരാറുകളെല്ലാം ഇനി തടസ്സമില്ലാതെ തുടരാനാകും. വ്യാവസായിക മേഖലയ്ക്കും ഊര്‍ജ്ജ ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം.