കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിലായി. കാസർകോട് പൈവളിഗെ കുരുടപ്പദവ് സ്വദേശി എസ്. ജനാർദനനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്ഇബി വോർക്കാടി സെക്ഷനിൽ താൽക്കാലിക ജീവനക്കാരനാണ് ഇയാൾ.
ഈ മാസം ഒന്നിന് മട്ടന്നൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ നടന്ന കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പരീക്ഷയ്ക്കിടെയാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്. സ്ഥിരനിയമനം ലഭിക്കുന്നതിന് ഈ പരീക്ഷ വിജയിക്കേണ്ടത് ജനാർദനന് അത്യാവശ്യമായിരുന്നു. കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസിൽ പങ്കെടുത്തിരുന്ന ജനാർദനന്, അതേ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബു മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ അയച്ചുനൽകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
സംഭവത്തിൽ ഇയാൾ അഡ്മിനായിരുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ കൈമാറിയതെന്ന് പോലീസ് കണ്ടെത്തി. ജനാർദനനെ കൂടാതെ പരീക്ഷ എഴുതിയ മറ്റ് 21 പേർക്കും ഇതേ രീതിയിൽ ഉത്തരങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അധ്യാപകൻ സുരേഷ് ബാബു ഒളിവിലാണ്. കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. കോടതിയിൽ ഹാജരാക്കിയ ജനാർദനനെ റിമാൻഡ് ചെയ്തു.