കണ്ണൂർ: മുഖത്തെ മുറിവിൽ തുന്നലിടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്, വിജിഷ എന്നിവരുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആറുവർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച ദേവാൻഷിന് നാല് ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിൽ തുന്നലിടുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെത്തുടർന്ന് അനസ്തേഷ്യ നൽകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എന്നാൽ, അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെടുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
തുടർന്ന് കുട്ടിയെ അടിയന്തരമായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയും മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. അടിയന്തര സാഹചര്യമല്ലെങ്കിൽ രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകുന്നത് അതീവ ശ്രദ്ധയോടെ മാത്രമായിരിക്കണമെന്നിരിക്കെ, ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ അനസ്തേഷ്യ നൽകിയ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു. ചികിത്സാ നടപടികളിൽ ഉൾപ്പെടെയുള്ള വീഴ്ചകളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.