തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിഷയത്തിൽ പ്രതികരിച്ച സിനിമാതാരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിനിമാ മേഖലയിലെ പ്രമുഖരുടെ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തത്. ചില സിനിമകൾ വഴി വിദ്യാർഥികൾക്ക് ഉണ്ടാകുന്നത്ര ഉപദ്രവം നീറ്റ് പരീക്ഷ വീണ്ടും എഴുതിയതുകൊണ്ട് സമൂഹത്തിന് ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു.
നീറ്റ് പരീക്ഷയും കുട്ടികളുടെ ഭാവിയും മുൻനിർത്തി സിനിമാതാരങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ സിനിമകളുടെ പരോക്ഷ പ്രമോഷനാണോ അതോ മറ്റു താൽപര്യങ്ങൾ ഉള്ളതാണോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. സ്വന്തം സംഘടനയിലെ പ്രശ്നങ്ങൾ പോലും ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയാത്തവർ നീറ്റ് പോലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിലെ അനൗചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ കാര്യത്തിൽ ആത്മാർഥമായ ആശങ്കയുണ്ടെങ്കിൽ ആദ്യം സ്വന്തം സിനിമകളിൽ നിന്ന് മദ്യപാനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത, അശ്ലീലഭാഷ എന്നിവ ഒഴിവാക്കാൻ താരങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിഷയങ്ങൾ ആവർത്തിക്കാതിരിക്കാനും സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുകൾക്കെതിരെ നിലപാട് സ്വീകരിക്കാനും ഇവർ തയ്യാറാകുമോയെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. മുൻകാലങ്ങളിൽ സമാനമായ പരീക്ഷാ വിവാദങ്ങൾ ഉണ്ടായപ്പോൾ കാണിക്കാത്ത ഇത്രയും വലിയ പ്രതിഷേധം ഇപ്പോൾ നടക്കുന്നതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി അദ്ദേഹം ചോദ്യം ചെയ്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ‘ദി പബ്ലിക് എക്സാമിനേഷൻസ് ആക്ട്, 2024’ നിയമത്തെ അനുകൂലിച്ച അദ്ദേഹം, സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ പൊതുമുതൽ നശിപ്പിക്കരുതെന്ന് ഓർമിപ്പിച്ച സന്തോഷ് പണ്ഡിറ്റ്, രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരുടെ ചട്ടുകങ്ങളാകരുതെന്ന് യുവാക്കൾക്ക് മുന്നറിയിപ്പും നൽകി.