തിരുവനന്തപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി വെങ്ങാനൂർ സ്വദേശി അഞ്ജു വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങോട് സ്വദേശി സിന്ധുവിനെയാണ് അന്വേഷണസംഘം പിടികൂടിയത്. ഇതേ സംഭവത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഞ്ജുവിന്റെ സഹപ്രവർത്തകയും സുഹൃത്തുമായ ഐശ്വര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ജൂൺ 30-നാണ് അഞ്ജുവും ഐശ്വര്യയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ അഞ്ജു മരണപ്പെടുകയായിരുന്നു. ഇവർ ജോലി ചെയ്തിരുന്ന സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ നിന്ന് ഉപഭോക്താക്കൾ പണയം വെച്ചിരുന്ന 70 പവൻ സ്വർണം സിന്ധുവിന് കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സ്വർണം മറ്റ് സ്ഥാപനങ്ങളിൽ കുറഞ്ഞ പലിശയ്ക്ക് പണയം വെച്ച് ലഭിച്ച തുകയിൽ നിന്ന് കമ്മീഷൻ അഞ്ജുവിനും ഐശ്വര്യയ്ക്കും ലഭിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമകൾ അത് തിരിച്ചെടുക്കാനെത്തിയപ്പോൾ കൈമാറാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് സ്ഥാപനം നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തുകയും ജീവനക്കാർ കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ സിന്ധു നേരത്തെയും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.