തിരുവനന്തപുരം: ഇൻഡി സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വലിയ പ്രതിഷേധം. യോഗം ആരംഭിച്ചത് മുതൽ പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും മേയർക്കും ബിജെപി അംഗങ്ങൾക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബഹളത്തിനിടയിലും നിശ്ചയിച്ചിരുന്ന അജണ്ടകൾ പാസാക്കിയ ശേഷം മേയർ യോഗം അവസാനിപ്പിച്ചു.
സഭയിൽ സി.പി.എം-കോൺഗ്രസ് അംഗങ്ങൾ മേയർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ, ബി.ജെ.പി കൗൺസിലർമാർ മേയർക്ക് പിന്തുണയുമായി രംഗത്തെത്തി. ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ കൗൺസിൽ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യമാണ് സി.പി.എം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും, സഭയിലെ ഇപ്പോഴത്തെ പ്രതിഷേധം സി.പി.എമ്മിന്റെയും ഇൻഡി സഖ്യത്തിന്റെയും രാഷ്ട്രീയ നീക്കം മാത്രമാണെന്നും ബി.ജെ.പി പ്രതികരിച്ചു.
ഇതിനിടെ ഹാജർ ബുക്കിനെ ചൊല്ലിയും കൗൺസിലർമാർ തമ്മിൽ തർക്കമുണ്ടായി. ഹാജർ രജിസ്റ്റർ പിടിച്ചുവാങ്ങാൻ യു.ഡി.എഫ് കൗൺസിലർമാർ ശ്രമിച്ചത് സംഘർഷത്തിന് വഴിയൊരുക്കി. ഇത് തടയാൻ ശ്രമിച്ച ബി.ജെ.പി കൗൺസിലർമാരെ യു.ഡി.എഫ് അംഗങ്ങൾ ആക്രമിച്ചു. മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയന്റെ വസ്ത്രം ശബരീനാഥ് വലിച്ചുകീറിയതോടെ സഭയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി. അനിഷ്ട സംഭവങ്ങളെത്തുടർന്ന് കൗൺസിൽ നടപടികൾ പൂർണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.