താമരശ്ശേരി: പുലർച്ചെ വീടുകളുടെ മുറ്റത്ത് പൂർണനഗ്നനായി എത്തിയ അജ്ഞാതനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. താമരശ്ശേരി വെഴുപ്പൂർ, ഒതയോത്ത് എന്നീ പ്രദേശങ്ങളിലാണ് ആശങ്ക പരത്തി അസാധാരണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുലർച്ചെ നാലുമണിയോടെ മുഖം മറച്ച നിലയിൽ എത്തിയ ഒരാൾ വീടുകളുടെ പരിസരത്ത് കറങ്ങി നടക്കുകയും കോളിങ് ബെൽ അമർത്തുകയും ചെയ്തത് പരിഭ്രാന്തിയുണ്ടാക്കി.
ഒരു വീട്ടിലെ സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വീട്ടുകാർ ബഹളം വെച്ചതോടെ അജ്ഞാതൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് സംഭവം നടന്നത്. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിവരുന്നത്.
വീടുകളുടെ പരിസരം നിരീക്ഷിച്ച രീതിയിൽനിന്ന് ഇതൊരു മോഷണശ്രമമാണോയെന്ന സംശയവും അന്വേഷണ സംഘം ഉന്നയിക്കുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. അജ്ഞാതർ എത്തി കോളിങ് ബെൽ അമർത്തുകയോ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ വാതിൽ തുറക്കാതെ പൊലീസിൽ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.