ചെന്നൈ: പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതിനും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നതിനും തമിഴ്നാട് സർക്കാർ കർശന വിലക്കേർപ്പെടുത്തി. സഹയാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ഫോൺ സ്പീക്കർ ഉപയോഗിക്കുന്നവരിൽ നിന്നും 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെയുള്ള ഇരുപതിനായിരത്തോളം സർക്കാർ ബസുകളിൽ ഈ പുതിയ നിർദേശം ഉടൻ നടപ്പാക്കും. യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി ബസുകളുടെ മുൻവാതിലിന് സമീപം, മധ്യഭാഗം, പിൻവാതിലിന് സമീപം എന്നീ മൂന്ന് പ്രധാന സ്ഥലങ്ങളിൽ ഇതുസംബന്ധിച്ച അറിയിപ്പുകൾ പതിപ്പിക്കും. പാട്ടുകളും വീഡിയോകളും കേൾക്കാൻ ഇയർഫോണുകളോ ബ്ലൂടൂത്ത് ഹെഡ്ഫോണുകളോ നിർബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ദീർഘദൂര യാത്രകളിലും തിരക്കേറിയ സമയങ്ങളിലും ഫോൺ സ്പീക്കറിൽ പാട്ടുകൾ വെക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പീക്കർ ഉപയോഗിച്ച് ശല്യമുണ്ടാക്കുന്ന യാത്രക്കാരോട് ശബ്ദം കുറയ്ക്കാനോ ഫോൺ ഓഫ് ചെയ്യാനോ ആവശ്യപ്പെടാൻ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017ലെ റൂൾ 5(10), തമിഴ്നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989ലെ റൂൾ 228 എന്നിവ പ്രകാരമാണ് പിഴ ചുമത്തുക. നേരത്തെ, ചെന്നൈ മെട്രോ റെയിലിലും പൊതുസ്ഥലങ്ങളിൽ സ്പീക്കർ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും 2,500 രൂപ വരെ പിഴ ഈടാക്കുകയും ചെയ്തിരുന്നു.