പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തു. പാലക്കാട് നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന രാകേഷിനെ പുതിയ ഭാരവാഹിയായി തിരഞ്ഞെടുത്തത്.
2025 ഒക്ടോബർ എട്ടിന് പാലക്കാട് വാണിയംകുളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗമായ വിനീഷിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രാകേഷ്. സമൂഹമാധ്യമത്തിൽ രാകേഷിനെ വിമർശിച്ച് കമന്റിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാകേഷിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റിൽ നിർണായക സ്ഥാനം ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ സംഘടനയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾക്കും ഇത് വഴിവെച്ചിട്ടുണ്ട്.