ആലപ്പുഴ: സംസ്ഥാനത്ത് നിർത്തിവെച്ച ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം രണ്ടോ മൂന്നോ ദിവസത്തിനകം പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഉൽപ്പാദനം നിലച്ചത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയ മന്ത്രി, വിഷയത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. പ്ലാന്റിലെ പ്രതിസന്ധികൾ സമയബന്ധിതമായി സർക്കാരിനെ അറിയിക്കാത്തതിൽ നികുതി സെക്രട്ടറിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികൾക്ക് അനുകൂലമായ സാഹചര്യമാണ് സംജാതമായതെന്ന് ആക്ഷേപമുണ്ട്. ഉൽപ്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞതെന്ന് മന്ത്രി സൂചിപ്പിച്ചു. ട്രാവൻകൂർ ഷുഗേഴ്സിലെ പ്രതിസന്ധി സംബന്ധിച്ച് തങ്ങൾക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് വാദിക്കുമ്പോൾ, അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്ന നിലപാടാണ് ബെവ്കോ അധികൃതർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
കുപ്പി, അടപ്പ് എന്നിവയുടെ വില വർധനയും ടെൻഡർ നടപടികളിലെ കാലതാമസവും ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതാണ് പ്രധാന പ്രതിസന്ധിക്ക് കാരണമായത്. ഇതിനിടെ, സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘മയങ്ങില്ല കേരളം’ എന്ന പേരിൽ പുതിയ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. ഓപ്പറേഷൻ തണ്ടറിന് പിന്നാലെ ദീർഘകാല ലക്ഷ്യത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് സർക്കാർ തീരുമാനം.