ബീജിംഗ്: കോവിഡിന് ശേഷമുള്ള കാലയളവിൽ ചൈനയുടെ ആഭ്യന്തര വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കയറ്റുമതി രംഗത്ത് രാജ്യം മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും, ആഭ്യന്തര വിപണിയിലെ തകർച്ച ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയ്ക്ക് കടുത്ത വെല്ലുവിളിയാകുന്നു. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ ഏജൻസിയായ ജെഫ്രീസിന്റെ ‘ഗ്രീഡ് ആൻഡ് ഫിയർ’ റിപ്പോർട്ടിലാണ് ചൈനീസ് സമ്പദ്വ്യവസ്ഥയുടെ അടിത്തറയിലുണ്ടായ വിള്ളലുകൾ ചൂണ്ടിക്കാട്ടുന്നത്.
റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ് മേഖലകളിൽ കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഭാവിയിലെ സാമ്പത്തിക അരക്ഷിതാവസ്ഥ ഭയന്ന് ജനങ്ങൾ പണം ചെലവഴിക്കാൻ മടിക്കുന്നതാണ് വിപണിയെ ബാധിച്ചിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച വിവിധ ഉത്തേജക പാക്കേജുകൾക്ക് ഉപഭോഗം വർദ്ധിപ്പിക്കാൻ സാധിച്ചിട്ടില്ല. ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിൽ പുതിയ വീടുകളുടെ വിലയിൽ നേരിയ വർദ്ധനവുണ്ടായത് മാത്രമാണ് നിലവിലെ ഏക ആശ്വാസം. എന്നാൽ വായ്പയെടുക്കാൻ ആളുകൾ കാണിക്കുന്ന വിമുഖത ബാങ്കിംഗ് മേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.
നിർമ്മാണ മികവിനെയും കയറ്റുമതിയെയും മാത്രം ആശ്രയിച്ചാണ് നിലവിൽ ചൈനീസ് സമ്പദ്വ്യവസ്ഥ മുന്നോട്ടുപോകുന്നത്. ആഗോളതലത്തിൽ ഏതെങ്കിലും തരത്തിലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടായാൽ അത് ചൈനയെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഇലക്ട്രോണിക് ചിപ്പ് കയറ്റുമതിയിൽ ചൈന വൻ നേട്ടമാണ് കൈവരിക്കുന്നത്. മെയ് മാസത്തിൽ മാത്രം 19.4 ശതമാനം വർദ്ധനവോടെ 377 ബില്യൺ യു.എസ് ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. ഇതിൽ സെമികണ്ടക്ടർ വിഭാഗം 111 ശതമാനം വളർച്ച രേഖപ്പെടുത്തി. കയറ്റുമതിയിലെ ഈ കുതിച്ചുചാട്ടത്തിനിടയിലും ആഭ്യന്തര വിപണിയിലെ മന്ദത ചൈനയ്ക്ക് കടുത്ത ആശങ്ക സമ്മാനിക്കുകയാണ്.