ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിലെ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തായ വിജീഷ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മലപ്പുറം വേങ്ങര സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മിയാണ് (56) കൊല്ലപ്പെട്ടത്.
ചെറുതുരുത്തിയിലെ അന്നാ റസിഡൻസിയിൽ ഇരുവരും മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. വിജീഷിന്റെ പേരിലാണ് കഴിഞ്ഞ ദിവസം മുറിയെടുത്തത്. ഇന്ന് ഉച്ചയോടെ ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തേഞ്ഞിപ്പാലം സ്വദേശിയായ വിജീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ ആരംഭിച്ചു.
വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. മദ്യലഹരിയിലായിരുന്ന പ്രതി ധനലക്ഷ്മിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ നിഗമനം. ധനലക്ഷ്മിയും വിജീഷും തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.