ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ദേവാല മൂന്നാം ബ്ലോക്കിലെ താമസക്കാരനും സ്വകാര്യ തേയിലത്തോട്ടത്തിലെ തൊഴിലാളിയുമായ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം.
ഗൂഡല്ലൂർ കരിയ ഷോല പ്രദേശത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ബാലസുബ്രഹ്മണ്യന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊട്ടടുത്തുള്ളവർ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് കാട്ടാന ബാലസുബ്രഹ്മണ്യനെ ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പന്തല്ലൂർ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, വഴിമധ്യേ മരണപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഗൂഡല്ലൂർ മേഖലയിലും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലുമുള്ള തോട്ടം തൊഴിലാളികൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. വനമേഖലയോട് ചേർന്നുള്ള തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സംഭവത്തിൽ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.