അഹമ്മദാബാദ്: ഭക്ഷ്യവസ്തുക്കളിലെ മായം തടയുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ ഭക്ഷ്യ-മരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ 35 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന മായം കലർന്ന നെയ്യും ഭക്ഷ്യ എണ്ണകളും പിടികൂടി. സൂറത്തിലും ദീസയിലുമായിരുന്നു പരിശോധനകൾ നടന്നത്.
കമ്രേജ് താലൂക്കിലെ ധോരൻ പാർഡിയിലുള്ള ഹിന്ദ്വ ഡ്രീം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കേവൽ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു പ്രധാന പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം വ്യാജമായി നെയ്യ് നിർമിച്ച് പാക്ക് ചെയ്ത് വിൽക്കുകയായിരുന്നു. ‘ശ്രീ അന്മോൽ രതൻ കൗ ഗീ’ എന്ന ബ്രാൻഡ് പേരിൽ വിവിധ ലേബലുകളിൽ പാക്ക് ചെയ്ത 5,157 ലിറ്റർ നെയ്യ് ഇവിടെ നിന്ന് പിടികൂടി. ഇതിന് ഏകദേശം 26 ലക്ഷം രൂപ വിലമതിക്കും. ഇതിനുപുറമെ, നെയ്യിൽ മായം ചേർക്കാൻ ഉപയോഗിച്ചിരുന്ന 1,485 കിലോഗ്രാം പാംഓയിലും 3.6 ലക്ഷം രൂപ വിലമതിക്കുന്ന 285 കിലോഗ്രാം സോയാബീൻ എണ്ണയും അധികൃതർ കണ്ടെടുത്തു. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു.
പാലൻപൂർ സർക്കിളിലെ ദീസയിലുള്ള രണ്ട് സ്ഥാപനങ്ങളിലും സമാനമായ പരിശോധനകൾ നടന്നു. ഇവിടെ നിന്ന് ഏകദേശം 6 ലക്ഷം രൂപ വിലമതിക്കുന്ന 987 ലിറ്റർ സംശയാസ്പദമായ മായം കലർന്ന നെയ്യ് പിടിച്ചെടുത്തു. ഇതിന്റെ സാമ്പിളുകളും വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് നിയമപരമായ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ലബോറട്ടറി പരിശോധനാ ഫലങ്ങൾ ലഭ്യമായ ശേഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.