ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ മനോരോഗ വിദഗ്ദ്ധ അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ചു. രാജ്നഗർ മേഖലയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹെമിക (40) ആണ് മരിച്ചത്. ഇന്നലെ രാത്രി സ്വന്തം ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒന്നര വർഷം മുൻപ് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ഹെമിക, ഈ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. വിവാഹമോചനത്തിന് ശേഷം ഇവർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ഗുരുതരമായി പരിക്കേറ്റ ഹെമികയെ അയൽവാസികൾ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താനുള്ള വിശദമായ നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.