ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ദാരുണമായി മരിച്ചു. തീർത്ഥഹള്ളി താലൂക്കിലെ ഇന്ദിരാനഗറിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു ദുരന്തം. കൊപ്പാൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ കൊക്കരെഗരു സ്വദേശികളായ മല്ലികാർജുൻ (35), ഭാര്യ നാഗവേണി (28), മൂന്ന് വയസ്സുകാരനായ മകൻ സന്തോഷ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ 3.30-ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെ കുന്നിൻഭാഗം ഇടിഞ്ഞ് ഇവർ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ മറ്റൊരു ഷെഡിലുണ്ടായിരുന്ന ഒരാൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ശിവമൊഗ്ഗ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മണ്ണിനടിയിൽപ്പെട്ട മൃതദേഹങ്ങൾ പുറത്തെടുത്തത്. പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലം സന്ദർശിച്ച തീർത്ഥഹള്ളി എംഎൽഎ അരഗ ജ്ഞാനേന്ദ്ര, അപകടത്തിൽപ്പെട്ട കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തെ എട്ടു കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് പരിഗണിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. വരൾച്ചാബാധിത പ്രദേശങ്ങളിൽ നിന്ന് ഉപജീവനത്തിനായി എത്തിയവരാണ് മരിച്ച കുടുംബം. കുന്നിൻചുവടുകളിൽ വീടുകൾ നിർമിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പ്രദേശവാസികളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.