കോഴിക്കോട്: കൊടുവള്ളിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 10.30-ഓടെയാണ് ദാരുണമായ സംഭവം നടന്നത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രസാദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രസാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കവും സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിൽ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള പ്രമോദിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.