മലപ്പുറം: ജില്ലയിലെ കോട്ടയ്ക്കൽ ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഹനി അസീം എന്ന കുഞ്ഞിനാണ് ദാരുണമായ അനുഭവം ഉണ്ടായത്.
പുലർച്ചെയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സമീപത്തെത്തിയ തെരുവുനായ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുഞ്ഞിന്റെ തല, മുഖം, ചെവി, കൈ എന്നീ ഭാഗങ്ങളിൽ ഗുരുതരമായി കടിയേറ്റു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. കുഞ്ഞിന്റെ ആരോഗ്യനില ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഒതുക്കുങ്ങൽ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും, അടിയന്തരമായി നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് പ്രദേശവാസികൾ.