ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലെ സിംഹപാറയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശി ദ്രാവിനേഷ് (25) ആണ് ബന്ധുക്കൾ നോക്കിനിൽക്കെ താഴ്ചയിലേക്ക് എടുത്തുചാടിയത്.
കുടുംബത്തോടൊപ്പം സൂര്യോദയ ദൃശ്യങ്ങൾ കാണുന്നതിനായി ട്രക്കിങ് ജീപ്പിൽ മലമുകളിൽ എത്തിയതായിരുന്നു ദ്രാവിനേഷ്. ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധ മാറിയ തക്കത്തിൽ ഇയാൾ പെട്ടെന്ന് ഓടുകയും ഏകദേശം 400 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
പ്രണയ തകർച്ചയെത്തുടർന്നുള്ള മാനസിക വിഷമമാണ് യുവാവിനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന പ്രദേശം തമിഴ്നാട്ടിലെ കൊരങ്ങണി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതായതിനാൽ, തമിഴ്നാട് പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.