കൊല്ലം: പുന്തലത്താഴം സ്വദേശിനി രമ്യ സോമനെയും മക്കളായ വൈഷ്ണവ് (12), രുദ്ര (മൂന്നര) എന്നിവരെ കാണാതായിട്ട് അഞ്ച് ദിവസം. ശനിയാഴ്ച രാവിലെ മുതൽ ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് ഇരവിപുരം പൊലീസ് അന്വേഷണം ഊർജിതമാക്കി.
വീട്ടിൽ നിന്ന് സ്വന്തം കാറിൽ കടവൂർ ക്ഷേത്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് രമ്യ മക്കളുമായി ഇറങ്ങിയത്. എന്നാൽ പിന്നീട് ഇവർ തിരിച്ചെത്തിയില്ല. ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ കണ്ടെത്താനാകാതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണ്.
അന്വേഷണത്തിൽ, തെന്മല ഭാഗത്തേക്ക് കാർ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൊല്ലം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി ഇരവിപുരം പൊലീസ് അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതായും വാഹനത്തിന്റെ സഞ്ചാരപാതയും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.