തൃശൂർ: കൊരട്ടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ റൂറൽ എസ്.പിക്ക് കമ്മീഷൻ നിർദേശം നൽകി. ഓഗസ്റ്റ് 13-ന് തൃശൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കൊരട്ടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിനുകുമാറിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കൊരട്ടി സ്വദേശിയായ സിദ്ധാർഥ് ഉദയകുമാറിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്നാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ. ജൂൺ 30-ന് കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ, ബാറിലെ അടിപിടിക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ഉദ്യോഗസ്ഥൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. മർദനത്തിനിടെ സിദ്ധാർഥിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്സെറ്റ് എന്നിവ തകർക്കുകയും അതുവഴി ഏകദേശം 75,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.
മർദനത്തിൽ പരിക്കേറ്റ സിദ്ധാർഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. തുടർന്ന് സിദ്ധാർഥിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊരട്ടി പോലീസ് നേരത്തേ കേസെടുത്തിരുന്നു. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തെ തുടർന്ന് വിനുകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥനെതിരെ സമാന സ്വഭാവത്തിലുള്ള മറ്റ് പരാതികളും നിലവിലുണ്ടെന്നാണ് വിവരം. മനുഷ്യാവകാശ കമ്മീഷൻ കൂടി വിഷയത്തിൽ റിപ്പോർട്ട് തേടിയതോടെ സംഭവത്തിലെ അന്വേഷണം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.