തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന. ആഗോള വിപണിയിൽ ഇടിവുണ്ടായെങ്കിലും കേരളത്തിലെ വിപണിയിൽ സ്വർണവില കുതിച്ചുയരുകയാണ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 13,500 രൂപയിലും പവന് 1,08,000 രൂപയിലുമെത്തി. ഇന്നലെ മാത്രം പവന് 1680 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. 18 കാരറ്റ് സ്വർണവിലയിലും വർധനയുണ്ട്; ഗ്രാമിന് 60 രൂപ കൂടി 11,095 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 240 രൂപയിൽ തുടരുന്നു.
ആഭ്യന്തര വിപണിയിൽ വില വർധിക്കുമ്പോഴും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില താഴുന്ന പ്രവണതയാണ് കാണുന്നത്. നിലവിൽ ട്രോയ് ഔൺസിന് 4123 ഡോളറാണ് രാജ്യാന്തര വിപണിയിലെ വില. ആഗോള വിപണിയിലെ ഈ വിലക്കുറവ് വരും ദിവസങ്ങളിൽ കേരളത്തിലെ സ്വർണ വിപണിയിലും പ്രതിഫലിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സ്വർണവിലയുടെ വരും ദിവസങ്ങളിലെ ഗതി നിർണയിക്കുന്നതിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനങ്ങളും നിർണായകമായിരിക്കും. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുകയാണെങ്കിൽ സ്വർണവില താഴാൻ സാധ്യതയുണ്ട്. കൂടാതെ, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നത് എണ്ണവില കുറയാനും ഇടയാക്കും. ഇതും വരും നാളുകളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.