സംസ്ഥാനത്ത് സ്വർണവിലയിൽ വമ്പൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ വിലമാറ്റത്തോടെ ഒരു ഗ്രാം സ്വർണത്തിന് 13,065 രൂപയും, ഒരു പവൻ സ്വർണത്തിന് 1,04,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണവിലയിലുണ്ടായ ഈ കുറവ് സ്വർണാഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ഇടിവാണ് കേരളത്തിലെ സ്വർണവിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണത്തിന്റെ അന്താരാഷ്ട്ര വില കൂപ്പുകുത്തിയിട്ടുണ്ട്. ഔൺസിന് 3,982 ഡോളർ എന്ന നിരക്കിലായിരുന്നു ഇന്ന് രാവിലെ വ്യാപാരം നടന്നത്. ആഗോള വിപണിയിലെ ഈ പ്രവണതയാണ് സംസ്ഥാനത്തെ വിലനിർണയത്തെ സ്വാധീനിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം, ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ്, അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് എന്നിവ സ്വർണവിപണിയെ സാരമായി ബാധിക്കുന്നുണ്ട്. ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സ്വർണത്തിന്റെ വിലയിൽ വലിയ അസ്ഥിരത സൃഷ്ടിക്കുന്നു. അതേസമയം, ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 10,735 രൂപയിലാണ് ഇതിന്റെ വ്യാപാരം തുടരുന്നത്. കൂടാതെ, തുടർച്ചയായി മാറ്റമില്ലാതെ നിന്ന വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 230 രൂപയാണ് ഇന്നത്തെ വിപണി വില.