കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും മകനും ദാരുണമായി മരിച്ചു. ഫാർമസിസ്റ്റായ രമ്യ (36), മകൻ ശിവനന്ദൻ (7) എന്നിവരാണ് മരിച്ചത്. തോട്ടത്താംകണ്ടി ഭാഗത്തുവെച്ചാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
തുണിയലക്കുന്നതിനായി പുഴയിലേക്ക് പോയതായിരുന്നു രമ്യ. ഇതിനിടെ കൂടെയുണ്ടായിരുന്ന മകൻ ശിവനന്ദൻ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് രണ്ടുപേരും ശക്തമായ ഒഴുക്കിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
സംഭവമറിഞ്ഞയുടൻ നാട്ടുകാർ ചേർന്ന് രമ്യയെ പുഴയിൽ നിന്ന് കരയ്ക്കെത്തിച്ച് ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപുതന്നെ മരണം സംഭവിച്ചിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മകൻ ശിവനന്ദന്റെ മൃതദേഹം കണ്ടെത്താനായത്.