കാസർകോട്: കാസർകോട് മീപ്പുഗിരി സ്വദേശിയായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരി സ്വദേശി ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിനിയായ 17 വയസ്സുകാരിയായ മകൾ എന്നിവരാണ് മരിച്ചത്.
ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11.10-ഓടെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ ഒരേ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞതിനെത്തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കും തുടർനടപടികൾക്കുമായി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി വരികയാണ്.