തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവ് (50) ആണ് മരിച്ചത്. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ അബോധാവസ്ഥയില്‍ ഒരാളെ ആദ്യം കണ്ടത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പൊലീസ് സംഘം കാറിന്റെ ഗ്ലാസ് തകർത്ത് രാജീവിനെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെയാണ് രാജീവ് ഗ്രൗണ്ടിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തത്. ഇന്നലെ ഇവിടെ കളിക്കാനെത്തിയ കുട്ടികളോട് രാജീവ് സംസാരിച്ചിരുന്നതായും വിവരമുണ്ട്.
കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.