കോഴിക്കോട്: കളിക്കിടെ അബദ്ധത്തിൽ അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിയെ അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയ്ക്കാണ് അപൂർവമായ ഈ അപകടം സംഭവിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അലുമിനിയം പാത്രം കുട്ടിയുടെ തലയിൽ കുടുങ്ങുകയായിരുന്നു. പാത്രം പുറത്തെടുക്കാൻ കുടുംബാംഗങ്ങൾ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കുട്ടിയെ നാദാപുരം അഗ്നിരക്ഷാ സേനാ നിലയത്തിലെത്തിക്കുകയായിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തിയ അഗ്നിരക്ഷാസേന അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
കട്ടറും സ്പ്രെഡറും ഉൾപ്പെടെയുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം സൂക്ഷ്മമായി മുറിച്ചുമാറ്റിയാണ് കുട്ടിയെ പരിക്കുകളില്ലാതെ മോചിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തി. സ്റ്റേഷൻ ഓഫീസർ വരുണിന്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മധുപ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് സാനീജ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു. സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടസാധ്യത ഒഴിവാക്കാൻ കഴിഞ്ഞ അഗ്നിരക്ഷാസേനയ്ക്ക് അഭിനന്ദന പ്രവാഹമാണ്.