കോട്ടയം: സംസ്ഥാനത്ത് രണ്ടാം കരിമണൽ കൊള്ളയ്ക്ക് സർക്കാർ വഴിയൊരുക്കുന്നതായി ആരോപണം. കരിമണൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന സംസ്ഥാന ബജറ്റിലെ നയപ്രഖ്യാപനത്തിന് പിന്നാലെ, നിയമസഭയിൽ ഇതുസംബന്ധിച്ച ചർച്ചയിൽ ഖനനം സ്വകാര്യവൽക്കരിക്കുന്നത് സർക്കാരിന്റെ പദ്ധതിയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാട് സർക്കാരിന്റെ തുടർനടപടികളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തെലങ്കാന ആസ്ഥാനമായുള്ള മിഡ് വെസ്റ്റ് ലിമിറ്റഡ് കമ്പനിയും കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) തമ്മിൽ ധാരണയായതായി കമ്പനി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമർപ്പിച്ച രേഖകളിൽ വ്യക്തമാണെന്ന് ഷോൺ ജോർജ് പറഞ്ഞു. കെഎംഎംഎൽ ക്ഷണിച്ച ടെൻഡറിന്റെ അടിസ്ഥാനത്തിലാണ് ഈ ധാരണ. വ്യവസ്ഥകൾ പ്രകാരം മോണോസൈറ്റ് ഉൾപ്പെടെയുള്ള ധാതുക്കളുടെ സംസ്കരണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനും കെഎംഎംഎല്ലിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും മിഡ് വെസ്റ്റ് കമ്പനിക്ക് ഉപയോഗിക്കാം. കെഎംഎംഎൽ ശേഖരിക്കുന്ന അസംസ്കൃത വസ്തുക്കളിൽ നിന്ന് ആദ്യം സ്വകാര്യ കമ്പനിയുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന നിബന്ധനയും കരാറിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തോറിയം അടങ്ങിയ മോണോസൈറ്റ് പോലുള്ള തന്ത്രപ്രധാന ധാതുക്കൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും, ഇത്തരം മേഖലകളിലേക്ക് സ്വകാര്യ കമ്പനികൾക്ക് പ്രവേശനമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസ്താവന ലഭ്യമായ രേഖകളുമായി വൈരുദ്ധ്യം പുലർത്തുന്നുണ്ട്. മെയ് ആറിന് തന്നെ കമ്പനിയുമായി നടപടിക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ, ബജറ്റിലെ നയപ്രഖ്യാപനം ഈ പദ്ധതിക്ക് വഴിയൊരുക്കാനാണോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കാവുന്ന വിഷയമായതിനാൽ സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും, വിവാദ നടപടികളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.