കണ്ണൂർ: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. താഴെചൊവ്വ സ്വദേശിയായ പി. മുഹമ്മദ് അസ്ലം ആണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
കെട്ടിട പെർമിറ്റ് അനുവദിക്കുന്നതിന് 20,000 രൂപയാണ് ഇയാൾ അപേക്ഷകനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത്. അപേക്ഷകന്റെ പരാതിയെത്തുടർന്ന് വിജിലൻസ് സംഘം കെണി ഒരുക്കുകയായിരുന്നു. കൈക്കൂലി തുകയിൽ 15,000 രൂപ കൈപ്പറ്റുന്നതിനായി കണ്ണൂർ കാൽടെക്സ് പരിസരത്ത് എത്താൻ അസിസ്റ്റന്റ് എൻജിനീയർ നിർദ്ദേശിക്കുകയായിരുന്നു. ഈ തുക കൈപ്പറ്റുന്നതിനിടെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടിയത്.
അപേക്ഷകന്റെ കെട്ടിട പെർമിറ്റ് നിഷേധിക്കാതെ, കൈക്കൂലി തുക കൈക്കലാക്കുന്നതിനായി ഏകദേശം പത്ത് മാസത്തോളമായി ഇയാൾ അപേക്ഷ അനാവശ്യമായി വൈകിപ്പിച്ചതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിക്കെതിരെ കർശനമായ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിജിലൻസ് അറിയിച്ചു.