കണ്ണൂർ: ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണവം സ്വദേശി അജൽ കെ (23) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ മാസം 31-ാം തീയതി രാത്രിയായിരുന്നു അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യവെ അപ്രതീക്ഷിതമായി കാട്ടുപന്നി കുറുകെ ചാടുകയും വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയിൽ തുടരവേയാണ് യുവാവിന്റെ മരണം സംഭവിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.