കണ്ണൂർ: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സിഗരറ്റ് ഉൽപ്പന്നങ്ങൾ കവർച്ച ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വിരുതുനഗർ സ്വദേശി വേൽമുരുകനെയാണ് പോലീസ് പിടികൂടിയത്. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിന് ഉണ്ടായിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
കണ്ണൂർ ഹാജി റോഡിൽ പ്രവർത്തിക്കുന്ന ‘എബിൾ സ്റ്റോർ’ എന്ന സ്ഥാപനത്തിലെ സെയിൽസ്മാനായിരുന്നു വേൽമുരുകൻ. സ്ഥാപനത്തിലെ സ്റ്റോക്കിൽ നിന്ന് സിഗരറ്റ് പാക്കറ്റുകൾ ഘട്ടംഘട്ടമായി മോഷ്ടിച്ച ശേഷം, തമിഴ്നാട്ടിലെ വിവിധ കടകളിൽ എത്തിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സ്റ്റോക്കിൽ വലിയ തോതിലുള്ള കുറവ് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപന ഉടമകൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ, കണ്ണൂർ ടൗൺ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ വേൽമുരുകനെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ വ്യക്തമാക്കി.