തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനെ വലിയ ആകാംക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇന്ദിര ഗ്യാരന്റി പദ്ധതികളും എങ്ങനെ നടപ്പാക്കുമെന്നതാണ് പ്രധാന ചോദ്യം. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുക, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുക, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കുക തുടങ്ങിയ നടപടികൾ സർക്കാർ ഇതിനകം നടപ്പാക്കി കഴിഞ്ഞു. കോളേജ് വിദ്യാർഥിനികൾക്ക് 1000 രൂപ സ്റ്റൈപൻഡ് നൽകുമെന്ന പ്രഖ്യാപനം കൂടി നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.
ക്ഷേമപദ്ധതികൾക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കെഎസ്ആർടിസിയുടെ പുതിയ പദ്ധതികൾ മാത്രം ഏകദേശം 800 കോടി രൂപയുടെ അധിക വാർഷിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ഇതിനു പുറമെ സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക, ഉയർന്ന ക്ഷേമ പെൻഷനുകൾ എന്നിവ തടസമില്ലാതെ വിതരണം ചെയ്യേണ്ടതുമുണ്ട്. റവന്യൂ കമ്മി ഇനത്തിൽ കേന്ദ്ര ഗ്രാന്റായി ലഭിക്കേണ്ട 14,317 കോടി രൂപയിൽ വന്ന കുറവ് സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. കേന്ദ്ര നികുതി വിഹിതത്തിലെ അനിശ്ചിതത്വവും സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളെ ബാധിച്ചേക്കാം.
ശമ്പളം, പെൻഷൻ, ഡിഎ എന്നിവയ്ക്കായി വലിയൊരു തുക നീക്കിവെക്കേണ്ടി വരുന്നതിനാൽ, സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കായി പണം കണ്ടെത്തുക എന്നത് സർക്കാരിന് മുന്നിലുള്ള കനത്ത വെല്ലുവിളിയാണ്. പണപ്പെരുപ്പം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നികുതി വർധനവുകൾക്ക് സർക്കാരിന് പരിമിതികളുണ്ട്. കിഫ്ബിയുടെ ബാധ്യതകൾ ലഘൂകരിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന് ബദൽ മാർഗങ്ങൾ കണ്ടെത്തുക, വരുമാന വർധനവിനായി ഇന്ധനം, മദ്യം, ലോട്ടറി തുടങ്ങിയ മേഖലകളിൽ എന്ത് സമീപനം സ്വീകരിക്കുമെന്നതും നിർണായകമാണ്. ഉയർന്ന കടബാധ്യതയുള്ള കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം തകരാതെ സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തമാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്.