ഗുരുവായൂർ: ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരത്തിന് പിന്നാലെ വിവിധ റൂട്ടുകളിൽ നിരക്ക് വൻതോതിൽ വർധിപ്പിച്ച് ഊബർ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ റൂട്ടുകളിൽ സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്. സമരത്തിന് ശേഷം നിരക്കിൽ നേരിയ കുറവുണ്ടായെങ്കിലും, ഇപ്പോഴും പല സ്ഥിരം റൂട്ടുകളിലും യാത്രക്കാർക്ക് ഉയർന്ന തുക നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം നടന്നുവന്ന ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചെങ്കിലും നിരക്ക് വർധന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തങ്ങളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച കേരള സവാരി, റാപ്പിഡോ തുടങ്ങിയ സേവനങ്ങൾക്കായി സർവീസ് പുനരാരംഭിക്കുമെന്ന് സംയുക്തസമരസമിതി അറിയിച്ചിട്ടുണ്ട്. എന്നാൽ, സമരക്കാരുടെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന ഊബർ, ഒല തുടങ്ങിയ കമ്പനികളെ പൂർണമായി ബഹിഷ്കരിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് അധിക നിരക്ക് ഈടാക്കിക്കൊണ്ട് ഊബർ സേവനം തുടരുന്നത്.
ഓൺലൈൻ ടാക്സി രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഭാരവാഹികളുടെ ആവശ്യം. ഗവൺമെന്റ്, മാനേജ്മെന്റുകൾ, ട്രേഡ് യൂണിയനുകൾ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് അടിയന്തര പരിഹാരം കാണണമെന്നും, മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമായി സമഗ്രമായ നിയമനിർമ്മാണം നടപ്പിലാക്കണമെന്നും ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.