ഗുരുവായൂർ: ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരത്തിന് പിന്നാലെ വിവിധ റൂട്ടുകളിൽ അമിത നിരക്ക് ഈടാക്കി ഊബർ. കഴിഞ്ഞ ദിവസങ്ങളിൽ പല റൂട്ടുകളിലും സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികമാണ് കമ്പനി രേഖപ്പെടുത്തിയത്. സമരത്തിന് ശേഷം നിരക്കിൽ നേരിയ കുറവുണ്ടായെങ്കിലും, സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇപ്പോഴും ഉയർന്ന തുക തന്നെ നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നടത്തിവന്ന ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചിട്ടുണ്ടെങ്കിലും നിരക്ക് വർധന സാധാരണക്കാരായ യാത്രക്കാർക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതോടെ കേരള സവാരി, റാപ്പിഡോ തുടങ്ങിയ സേവനങ്ങൾക്കായി ഡ്രൈവർമാർ വീണ്ടും സർവീസ് പുനരാരംഭിച്ചു. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകാത്ത ഊബർ, ഒല എന്നീ കമ്പനികളെ പൂർണമായി ബഹിഷ്കരിക്കാനാണ് ഡ്രൈവർമാരുടെ സംയുക്തസമരസമിതിയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബഹിഷ്കരണത്തെ മറികടക്കാൻ ഊബർ നിരക്ക് വർധനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓൺലൈൻ ടാക്സി മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഭാരവാഹികളുടെ ആവശ്യം. സർക്കാർ പ്രതിനിധികൾ, ടാക്സി കമ്പനി മാനേജ്മെന്റുകൾ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഈ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ നിയമനിർമാണത്തിന് സർക്കാർ മുൻകൈ എടുക്കണമെന്ന് ഗിഗ്ഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമിതിയും ആവശ്യപ്പെട്ടു.