കൊച്ചി: ക്രൂഡ് ഓയിൽ വിലയിലെ വർധനവും ദുർബലമായ വരുമാനവും ആഗോള വിപണിയിലെ തിരിച്ചടികളും ഇന്ത്യൻ ഓഹരി വിപണിയെ കനത്ത സമ്മർദ്ദത്തിലാക്കുന്നു. കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങൾക്കുള്ളിൽ സെൻസെക്സിൽ 2,000 പോയിന്റിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 476.73 ലക്ഷം കോടി രൂപയിൽ നിന്ന് 5.42 ലക്ഷം കോടി രൂപ കുറഞ്ഞ് 471.31 ലക്ഷം കോടി രൂപയായി ചുരുങ്ങി. വ്യാപാരത്തിന്റെ അവസാന ദിനത്തിൽ 3,817 ഓഹരികളിൽ 2,662 എണ്ണവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്, 66 ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
വിപണിയിലെ ഈ പ്രതികൂല സാഹചര്യം നിക്ഷേപകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. 24,000–24,200 ലെവലായിരിക്കും നിഫ്റ്റിയുടെ വരാനിരിക്കുന്ന പ്രധാന റെസിസ്റ്റൻസ് ലെവലെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യ വിക്സ് (India VIX) സൂചിക 8.13 ശതമാനം ഉയർന്ന് 14.58 എന്ന നിലയിലെത്തിയത് വിപണിയിലെ ചാഞ്ചാട്ടം വർധിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ്. ഹ്രസ്വകാലത്തേക്ക് വിപണിയിൽ അനിശ്ചിതത്വം തുടരുമെന്നാണ് ജിയോജിത്ത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാർ വ്യക്തമാക്കുന്നത്.
ആഗോളതലത്തിൽ യുഎസ്-ഇറാൻ സംഘർഷങ്ങൾ തുടരുന്നതും ബ്രെന്റ് ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് കുതിക്കുന്നതും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. ഇത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തുന്നതിനും ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകുന്നതിനും കാരണമാകും. ഈ സാഹചര്യം വിദേശ നിക്ഷേപകരെ (FPI) ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിക്കുന്നതും വിപണിയിലെ ആശ്വാസ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നുണ്ട്.