ഗുരുവായൂർ: ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ ആശങ്കകൾക്ക് താൽക്കാലിക ശമനമുണ്ടായതോടെ, വെള്ളിയാഴ്ച ഇന്ത്യൻ വിപണിയിൽ ഉണർവ്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീതി കുറഞ്ഞതും ഏഷ്യൻ വിപണികളിലുണ്ടായ ശക്തമായ മുന്നേറ്റവുമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. പശ്ചിമേഷ്യയിൽ സമാധാന കരാറിനുള്ള സാധ്യതകളും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവും വിപണിക്ക് കരുത്തായി. സെൻസെക്സ് 875-ലധികം പോയിന്റ് ഉയർന്ന് 74,711 നിലവാരത്തിലെത്തിയപ്പോൾ, നിഫ്റ്റി ഒരു ശതമാനത്തിലധികം നേട്ടത്തോടെ 23,400 എന്ന സുപ്രധാന പ്രതിരോധ നിലവാരത്തിന് മുകളിൽ വ്യാപാരം ആരംഭിച്ചു.
തുടക്കത്തിൽ വലിയ കുതിപ്പ് നടത്തിയെങ്കിലും, ഉയർന്ന നിലവാരങ്ങളിൽ ഉണ്ടായ ലാഭമെടുപ്പ് കാരണം നിഫ്റ്റി നിലവിൽ 23,320 നിലവാരത്തിനടുത്താണ് വ്യാപാരം തുടരുന്നത്. വിപണി ഇപ്പോൾ 23,180 – 23,330 എന്ന ഇടുങ്ങിയ കൺസോളിഡേഷൻ റേഞ്ചിലാണ്. ഹയർ ടൈം ഫ്രെയിമുകളിൽ നിഫ്റ്റി പ്രധാന ഡിസെൻഡിംഗ് ട്രെൻഡ്ലൈൻ പ്രതിരോധത്തിന് താഴെയായതിനാൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ജാഗ്രത തുടരണമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിഫ്റ്റി 23,330 – 23,450 റേഞ്ചിന് മുകളിലേക്ക് ഉയർന്നാൽ മാത്രമേ പുതിയ വാങ്ങൽ താല്പര്യം രൂപപ്പെടുകയുള്ളൂ. മറിച്ചുള്ള സാഹചര്യത്തിൽ 23,180 എന്ന സപ്പോർട്ട് നിലനിർത്താൻ കഴിയാത്തത് വിൽപന സമ്മർദ്ദത്തിന് കാരണമായേക്കാം.
ഈ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി യുഎസ്-ഇറാൻ സമാധാന പ്രതീക്ഷകൾ, ക്രൂഡ് ഓയിൽ വില 90 ഡോളറിന് താഴേക്ക് പതിച്ചത്, ആഗോള വിപണികളിലെ റാലി, നിക്ഷേപകരുടെ റിസ്ക് എടുക്കാനുള്ള താല്പര്യം എന്നിവ ചൂണ്ടിക്കാണിക്കപ്പെടുന്നു. റിയൽറ്റി, ഓട്ടോ, മെറ്റൽ സെക്ടറുകൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്. എണ്ണവില കുറഞ്ഞത് ബിപിസിഎൽ, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കും വിമാന ഇന്ധനച്ചെലവ് കുറയുമെന്ന പ്രതീക്ഷയിൽ ഇൻഡിഗോ പോലുള്ള ഓഹരികൾക്കും നേട്ടമായി. നിക്ഷേപകർ അതീവ ജാഗ്രതയോടെ വിപണിയെ നിരീക്ഷിക്കണമെന്നും, ആഗോള സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.