തിരുവനന്തപുരം: സ്കൂളുകളിൽ ഓണാഘോഷം നടത്തുന്ന ആഗസ്റ്റ് 21-ന് നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ മാറ്റിവെച്ച സർക്കാർ തീരുമാനത്തെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആർഎസ്എം) സ്വാഗതം ചെയ്തു. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ സംഘടന പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
എട്ടാം ക്ലാസിലെ ഒന്നാം ഭാഷയുടെ രണ്ടാം പേപ്പർ പരീക്ഷയാണ് ആഗസ്റ്റ് 21-ന് നടത്താൻ നിശ്ചയിച്ചിരുന്നത്. പരീക്ഷ നടത്തുന്നതിലൂടെ സ്കൂളുകളിലെ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് തടസ്സം നേരിടുമായിരുന്നു.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന എൽപി, യുപി സ്കൂളുകളിൽ മാത്രമാണ് ഓണാഘോഷം നടക്കുന്നതെന്ന സാഹചര്യം എബിആർഎസ്എം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷ മാറ്റിവെച്ചതോടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സ്കൂളുകളിലെ ഓണാഘോഷത്തിൽ ഒത്തുചേരാനും പങ്കെടുക്കാനും സാധിക്കുമെന്ന് സംഘടന വ്യക്തമാക്കി.