ഐസ്ലാൻഡ്: വടക്കൻ യൂറോപ്പിലേക്കുള്ള കാർഷിക കയറ്റുമതിയിൽ നിർണായക ചുവടുവെപ്പുമായി ഇന്ത്യ. ഐസ്ലാൻഡിൽ ആദ്യമായി മാമ്പഴ പ്രമോഷൻ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്താനുള്ള ശ്രമങ്ങൾക്കാണ് തുടക്കമായത്. ദസഹരി, ചൗസ, ലാംഗ്ര, കേസർ എന്നീ നാല് പ്രീമിയം മാമ്പഴ ഇനങ്ങൾ ഉൾപ്പെടുത്തി പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിലായിരുന്നു പ്രദർശനം നടത്തിയത്. ഇന്ത്യയുടെ സമ്പന്നമായ കാർഷിക വൈവിധ്യത്തെയും കയറ്റുമതി സാധ്യതകളെയും ആഗോളതലത്തിൽ ഉയർത്തിക്കാട്ടാൻ ഈ സംരംഭത്തിലൂടെ സാധിച്ചു.
ഇന്ത്യ-ഇഎഫ്ടിഎ (EFTA) വ്യാപാര കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് പുതിയ ഉണർവേകുമെന്ന് ഐസ്ലാൻഡ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ സ്വെയിൻ കെ. ഐനാർസൺ അഭിപ്രായപ്പെട്ടു. ഐസ്ലാൻഡിക് ഫെഡറേഷൻ ഓഫ് ട്രേഡ് ഉൾപ്പെടെയുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ ഇന്ത്യൻ മാമ്പഴത്തിന്റെ ഇറക്കുമതി വർധിപ്പിക്കുന്നതിൽ വലിയ താല്പര്യമാണ് പ്രകടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉല്പാദകരായ ഇന്ത്യയുടെ ഗുണനിലവാര മാനദണ്ഡങ്ങളും കയറ്റുമതി വർധിപ്പിക്കാനുള്ള സർക്കാരിന്റെ നിരന്തരമായ പരിശ്രമങ്ങളും എംബസി പ്രതിനിധികൾ പരിപാടിയിൽ വിശദീകരിച്ചു.
നിലവിൽ തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഐസ്ലാൻഡ് പ്രധാനമായും മാമ്പഴം ഇറക്കുമതി ചെയ്യുന്നത്. 2025-ൽ ഏകദേശം 3.3 ദശലക്ഷം യുഎസ് ഡോളറിന്റെ മാമ്പഴമാണ് ഐസ്ലാൻഡിലെത്തിയത്. ഈ വിപണിയിലേക്ക് ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്മൂത്തികൾ, ഡെസേർട്ടുകൾ, ഫ്രൂട്ട് സലാഡുകൾ എന്നിവയിൽ ഉപയോഗിക്കുന്നതിനായി ഇന്ത്യൻ മാമ്പഴത്തോട് പ്രാദേശിക ഉപഭോക്താക്കൾ വലിയ താല്പര്യം പ്രകടിപ്പിച്ചു. നയതന്ത്രജ്ഞരും ബിസിനസ് പ്രതിനിധികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഈ പരിപാടി വരുംനാളുകളിൽ ഐസ്ലാൻഡിലെ പഴവർഗ്ഗ വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾ ശക്തമായ സാന്നിധ്യം ഉറപ്പിക്കുമെന്നതിന്റെ സൂചനയാണ്.