തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാംസ്കാരിക-സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് വ്യക്തമാക്കി. ഈ വർഷവും ഡിസംബറിൽ നിശ്ചയിച്ചിരിക്കുന്ന ചലച്ചിത്രോത്സവം തലസ്ഥാന നഗരിയിൽ തന്നെ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
മേളയുടെ വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് വെച്ചുതന്നെ നടത്താനാണ് സർക്കാരിന്റെ തീരുമാനം. നിലവിൽ ഇതിന്റെ വേദികളിൽ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി കൊച്ചിയിലായിരിക്കും സ്ഥാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. മലയാള സിനിമയ്ക്കും മറ്റു ഭാഷാ ചിത്രങ്ങൾക്കും ആവശ്യമായ ഷൂട്ടിങ് സൗകര്യങ്ങളൊരുക്കുന്ന ദേശീയതലത്തിൽ മാതൃകയാകുന്ന വലിയൊരു സംരംഭമായിരിക്കും ഈ ഫിലിം സിറ്റി. ഐഎഫ്എഫ്കെ തിരുവനന്തപുരത്തും, ഫിലിം സിറ്റി കൊച്ചിയിലുമായിരിക്കും പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്റെ അന്തിമ നിലപാടെന്നും സിനിമയെ ഒരു വ്യവസായമായി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.