ന്യൂഡൽഹി: എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യം സജ്ജമായി. നാളെ ചെങ്കോട്ടയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘വന്ദേമാതരം’ ആലപിക്കും എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.
‘വന്ദേമാതരം’ ഗാനത്തിന്റെ 150-ാം വാർഷികവും ‘വികസിത് ഭാരത്@2047’ എന്ന ലക്ഷ്യത്തിലേക്കുള്ള യുവശക്തിയുടെ പങ്കാളിത്തവുമാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയങ്ങൾ. ദേശീയപതാക ഉയർത്തിയതിന് പിന്നാലെ തദ്ദേശീയമായി നിർമിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിച്ച് 21-ഗൺ സല്യൂട്ട് നൽകും. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ ദേശീയപതാകയും ‘വന്ദേമാതരം’ ആലേഖനം ചെയ്ത പതാകയും വഹിച്ച് ചെങ്കോട്ടയ്ക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. വിവിധ മേഖലകളിൽ നിന്നായി ഏകദേശം 5,000 പ്രത്യേക അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ അതീവ കർശനമാക്കിയിരിക്കുകയാണ്. ചെങ്കോട്ടയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് 20,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഡൽഹി പൊലീസ്, അർധസൈനിക വിഭാഗങ്ങൾ, കമാൻഡോകൾ, എൻഎസ്ജി, എൻഡിആർഎഫ്, ക്വിക്ക് റിയാക്ഷൻ ടീമുകൾ എന്നിവർ സുരക്ഷാ ചുമതല നിർവഹിക്കും. ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലുമായി 1,000-ത്തിലധികം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ, വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയൽ, ആന്റി ഡ്രോൺ സംവിധാനങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളും സുരക്ഷയ്ക്കായി ഉപയോഗിക്കുന്നുണ്ട്.