ക്വിറ്റോ: നോർവെ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിന്റെ ചിത്രം പതിച്ച 469 കിലോ കൊക്കെയ്ൻ ശേഖരം എക്വഡോർ പൊലീസ് പിടികൂടി. കൊളംബിയൻ അതിർത്തിയോട് ചേർന്ന തുൽക്കാൻ നഗരത്തിന് സമീപമുള്ള ഗ്വാഗ്വാ നെഗ്രോയിൽ നിന്നാണ് വൻ ലഹരിവേട്ട നടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ട്രക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
പച്ചനിറത്തിലുള്ള 370 പാക്കറ്റുകളിലായാണ് കൊക്കെയ്ൻ സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിലും ഹാളണ്ടിന്റെ ചിത്രം പതിച്ച സ്റ്റിക്കറുകൾ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊളംബിയൻ പൗരത്വമുള്ള മരിയ ആർ. എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ലഹരിക്ക് എക്വഡോറിലെ പ്രാദേശിക വിപണിയിൽ ഏകദേശം 8.42 ലക്ഷം ഡോളറിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര വിപണിയിൽ ഇതിന് കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ടെന്നാണ് വിലയിരുത്തൽ.
ലഹരിക്കടത്ത് സംഘങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾ തിരിച്ചറിയാൻ പ്രമുഖ കായിക താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ചിത്രങ്ങൾ അടയാളമായി ഉപയോഗിക്കാറുണ്ട്. നേരത്തെ ലയണൽ മെസ്സിയുടെ ചിത്രം പതിച്ച ലഹരിപ്പാക്കറ്റുകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹാളണ്ടിന്റെ ജനപ്രീതി മുതലെടുത്ത് കടത്തുകാർ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തിൽ താരത്തിനോ അദ്ദേഹവുമായി ബന്ധപ്പെട്ടവർക്കോ യാതൊരു പങ്കുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയിലേക്കും യൂറോപ്പിലേക്കും മയക്കുമരുന്ന് കടത്തുന്ന പ്രധാന കേന്ദ്രമായി എക്വഡോർ മാറിയതോടെ ഇത്തരത്തിലുള്ള ലഹരിവേട്ടകൾ ഇവിടെ വർധിക്കുകയാണ്.