ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് നടന്ന വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദം പുതിയ നിയമനടപടിയിലേക്ക് നീങ്ങിയേക്കുമെന്ന് സൂചന. ആഘോഷത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ അധ്യക്ഷ സോണിയ ഗാന്ധിയും വന്ദേമാതരത്തിന്റെ പൂർണമായ ആലാപനം തടയാൻ ശ്രമിച്ചുവെന്നാരോപിച്ച് പുറത്തുവന്ന ദൃശ്യങ്ങൾ വലിയ വിവാദമായിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപി ഉൾപ്പെടെയുള്ള കക്ഷികൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുമ്പോൾ ഗാനത്തിന്റെ ആദ്യ വരികൾക്ക് ശേഷം തുടർന്നുള്ള ഭാഗങ്ങളിലേക്ക് കടന്നപ്പോൾ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പരസ്പരം സംസാരിക്കുന്നതും ആലാപനം നിർത്താൻ ആവശ്യപ്പെടുന്നതുമായ രംഗങ്ങൾ ദൃശ്യങ്ങളിലുണ്ട്. സോണിയ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ആലാപനം നിർത്താൻ ചേഷ്ടകളിലൂടെ നിർദ്ദേശം നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഖർഗെയ്ക്കായി ഇരിപ്പിടം ആവശ്യപ്പെടുകയായിരുന്നു സോണിയ ഗാന്ധിയെന്നാണ് കോൺഗ്രസ് പാർട്ടിയുടെ വിശദീകരണം.
ഈ സാഹചര്യത്തിൽ, വന്ദേമാതരം ആലാപനം മനഃപൂർവം തടസ്സപ്പെടുത്തുന്നത് ശിക്ഷാർഹമാക്കുന്ന നിയമഭേദഗതി എഐസിസി ആസ്ഥാനത്തെ സംഭവത്തിന്റെ പേരിൽ ചർച്ചയാകുന്നു. 2026-ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമെൻഡ്മെന്റ്) ആക്ട് പ്രകാരം, ദേശീയ ഗാനത്തിന് സമാനമായ നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ലഭ്യമാക്കിയിട്ടുണ്ട്. വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ അതിനായി ഒത്തുകൂടിയ സദസ്സിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. സമാന കുറ്റത്തിന് വീണ്ടും ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് ഒരു വർഷത്തെ തടവാണ് നിയമം അനുശാസിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരത്തിന്റെ പൂർണ പതിപ്പ് ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ പൂർണ പതിപ്പ് ആലപിച്ചിരുന്നില്ലെങ്കിലും, കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ പൂർണരൂപത്തിൽ തന്നെ വന്ദേമാതരം ആലപിക്കുകയുണ്ടായി. 2026-ലെ നിയമഭേദഗതിയിലൂടെ ദേശീയ ഗീതത്തിന് ദേശീയ ഗാനത്തിന് തുല്യമായ നിയമപരമായ പദവിയും സംരക്ഷണവുമാണ് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തിയിരിക്കുന്നത്.