ലക്നൗ: അഖിലേഷ് യാദവ് സര്ക്കാരിന്റെ കാലത്ത് അവതരിപ്പിക്കുകയും ദീർഘകാലമായി നിയമസഭയിൽ അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്ത വിവാദമായ ‘മദ്രസ ശമ്പള ബിൽ’ ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചാണ് ബിൽ റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉൾപ്പെട്ടിരുന്നതിനാലാണ് ബിൽ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
2016-ൽ സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്താണ് മദ്രസ ജീവനക്കാർക്ക് കൃത്യമായ ശമ്പളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ ബിൽ അവതരിപ്പിച്ചത്. എന്നാൽ, ശമ്പള വിതരണത്തിൽ വീഴ്ച സംഭവിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് ക്രിമിനൽ നടപടികൾ സ്വീകരിക്കാമെന്ന വ്യവസ്ഥ ബില്ലിനെ വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. കൂടാതെ, മദ്രസ ജീവനക്കാർക്ക് സാധാരണ നിയമപരിശോധനകളിൽ നിന്ന് പ്രത്യേക ഇളവുകൾ അനുവദിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ടായിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശത്തിന് വിരുദ്ധമാണ് ഈ വ്യവസ്ഥകളെന്ന് അന്നത്തെ ഗവർണർ രാം നായിക് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചെങ്കിലും ബില്ലിന് അംഗീകാരം ലഭിച്ചിരുന്നില്ല.
ഭരണഘടനാനുസൃതമല്ലാത്ത ഒരു ബിൽ ഇത്രയും കാലം അനിശ്ചിതമായി നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന നിലപാടാണ് നിലവിലെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ഭാരതീയ ജനതാ പാർട്ടി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. പത്തോളം വർഷമായി പെൻഡിംഗിലായിരുന്ന ഈ ബിൽ പിൻവലിക്കുന്നതോടെ ഇത്തരത്തിലുള്ള നിയമപരമായ അനിശ്ചിതത്വങ്ങൾക്കും അനാവശ്യ വിവാദങ്ങൾക്കും വിരാമമായിരിക്കുകയാണ്.