തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽവേ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ പ്രായോഗികതയും സാധ്യതകളും പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, സമിതിയുടെ പഠന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ. വിനയൻ, ധനകാര്യ വിദഗ്ധൻ സി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കെ-റെയിൽ പദ്ധതിയെ ശക്തമായി എതിർത്ത വ്യക്തി കൂടിയാണ് സമിതി അംഗമായ ശ്രീധർ രാധാകൃഷ്ണൻ എന്നത് ശ്രദ്ധേയമാണ്.
പാരിസ്ഥിതിക ആഘാതങ്ങൾ കൃത്യമായി പഠിക്കാതെ ഇ. ശ്രീധരന്റെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കെ-റെയിൽ വിരുദ്ധ സമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പദ്ധതി സംബന്ധിച്ച വിഷയത്തിൽ 15 ദിവസത്തിനുള്ളിൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നിർണായകമാകും.