വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഒന്നുകിൽ കരാർ, അല്ലെങ്കിൽ യുദ്ധം എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഇറാൻ-അമേരിക്കൻ ബന്ധത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, ആയത്തുള്ള അലി ഖമനേയിയുടെ മരണശേഷം ടെഹ്റാൻ സ്വീകരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന സൂചനയാണ് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് നൽകിയത്. ഒരു കരാറിലൂടെ പ്രശ്നം പരിഹരിക്കാനാണ് താത്പര്യമെങ്കിലും, അതിന് തയ്യാറല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ പാലങ്ങളും ഊർജ്ജവിതരണ ശൃംഖലകളും തകർക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ ആഴ്ച നടന്ന യുഎസ്-ഇറാൻ പരോക്ഷ ചർച്ചകൾ യാതൊരു ഫലവും കാണാതെ അവസാനിച്ചതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. നയതന്ത്ര നീക്കങ്ങൾക്കായി 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ശാശ്വത സമാധാനത്തിലേക്ക് നയിക്കുന്ന യാതൊരു പുരോഗതിയും ചർച്ചകളിൽ ഉണ്ടായില്ല. നിലവിൽ ഉപരോധങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനോട്, ബലപ്രയോഗത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ ഭീഷണിയെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഇറാൻ, അമേരിക്കയുടെ ഈ നിലപാട് അപലപനീയമാണെന്ന് വ്യക്തമാക്കി. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാക്കർ സോൾഖാദർ മറുപടിയുമായി രംഗത്തെത്തി. ഇറാൻ ജനത ഭീഷണിയുടെ ഭാഷ അംഗീകരിക്കില്ലെന്നും, ബഹുമാനത്തോടെ സംസാരിക്കാൻ ശീലിക്കണമെന്നും അല്ലെങ്കിൽ മറ്റൊരു ഭാഷയിൽ മറുപടി നൽകാൻ നിർബന്ധിതരാകുമെന്നും സ്റ്റേറ്റ് മീഡിയയിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖമനേയിയുടെ മരണശേഷം ഇറാനിയൻ ജനതയിൽ പ്രകടമായ ഐക്യം അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ആണവായുധ ശേഖരം വികസിപ്പിക്കുന്നത് തടയാൻ വാഷിംഗ്ടൺ നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും, ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് വരും ദിവസങ്ങളിൽ കൂടുതൽ ഗുരുതരമായ സൈനിക നീക്കങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം.