ഇന്ത്യ: ഇന്ത്യന്‍ സ്വകാര്യ മേഖലയുടെ വളര്‍ച്ചയില്‍ ജൂണ്‍ മാസത്തില്‍ മന്ദത രേഖപ്പെടുത്തി. എച്ച്എസ്ബിസി ഫ്ലാഷ് ഇന്ത്യ പിഎംഐ സൂചിക പ്രകാരം, മെയ് മാസത്തിലെ 59.3 എന്ന നിലയില്‍ നിന്ന് ജൂണില്‍ സൂചിക 57.4 ആയി താഴ്ന്നു. ഉല്‍പ്പാദന, സേവന മേഖലകളില്‍ ഡിമാന്‍ഡ് കുറഞ്ഞതും പുതിയ ഓര്‍ഡറുകള്‍ നേടുന്നതിലെ പ്രയാസങ്ങളും വളര്‍ച്ചയുടെ വേഗതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിലവാരത്തിന് ശേഷം വിപണിയില്‍ കാണുന്ന ഏറ്റവും ദുര്‍ബലമായ നിരക്കാണിത്.
രാജ്യത്തെ തൊഴില്‍ വിപണിയിലും ഈ മാന്ദ്യം പ്രകടമായിട്ടുണ്ട്. പുതിയ ബിസിനസ് ഓര്‍ഡറുകള്‍ കുറഞ്ഞതോടെ കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള നിയമനങ്ങളാണ് ജൂണില്‍ നടന്നത്. നിലവിലെ ആവശ്യങ്ങള്‍ക്ക് നിലവിലുള്ള ജീവനക്കാരുടെ എണ്ണം മതിയാകുമെന്ന് കമ്പനികള്‍ വിലയിരുത്തുന്നതാണ് നിയമനങ്ങളിലെ ഈ കുറവിന് പ്രധാന കാരണം. ഇന്ധനവിലയിലെ വര്‍ദ്ധനവ്, വാതക ക്ഷാമം, കടുത്ത വിപണി മത്സരം എന്നിവയും ബിസിനസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളില്‍ നേരിയ കുറവുണ്ടായെന്നത് മാത്രമാണ് നിലവിലെ ആശ്വാസകരമായ ഘടകം. അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയര്‍ന്നെങ്കിലും ഉൽപാദന ചെലവുകളിലെ വര്‍ദ്ധനവ് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. വിപണിയിലെ കടുത്ത മത്സരം കാരണം പല കമ്പനികളും ഉല്‍പ്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. വരും മാസങ്ങളിലെ ബിസിനസ് പ്രതീക്ഷകളിലും ഇടിവ് പ്രകടമാണ്. നിര്‍മ്മാണ മേഖലയില്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശുഭാപ്തിവിശ്വാസമാണ് നിലനില്‍ക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യന്‍ വിപണി വളര്‍ച്ചാ പാതയിലാണെങ്കിലും, കയറ്റുമതിയിലെ സമ്മിശ്ര പ്രവണതകളും ഡിമാന്‍ഡിലെ കുറവും വരും മാസങ്ങളില്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.