ന്യൂഡൽഹി: ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖല വരും വർഷങ്ങളിൽ അഭൂതപൂർവ്വമായ വളർച്ചയിലേക്ക് നീങ്ങുമെന്ന് നുവാമ ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ട്. തൊണ്ണൂറുകളുടെ അവസാനത്തിൽ ഇന്ത്യയുടെ സോഫ്റ്റ്വെയർ സേവന മേഖലയിലുണ്ടായ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് സമാനമായ ഒരു ‘ഗ്രീൻ എനർജി ബൂം’ ആണ് സൗരോർജ്ജം, കൃത്രിമബുദ്ധി അധിഷ്ഠിത ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുടെ വളർച്ചയിലൂടെ രാജ്യത്ത് സംഭവിക്കാൻ പോകുന്നത്. നിലവിൽ സൗരോർജ്ജ മേഖലയിൽ വലിയ പുരോഗതി കൈവരിച്ചെങ്കിലും, ഇത് ദീർഘകാല ഘടനാപരമായ വളർച്ചയുടെ തുടക്കം മാത്രമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
വൈദ്യുതി ആവശ്യകതയിൽ സൗരോർജ്ജത്തിന്റെ പങ്ക് വരും വർഷങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തും. 2026 സാമ്പത്തിക വർഷത്തിൽ 9 ശതമാനം മാത്രമുള്ള സൗരോർജ്ജ പങ്കാളിത്തം 2035-ഓടെ 33 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇതേ കാലയളവിൽ കൽക്കരിയുടെ വിഹിതം നിലവിലെ 68 ശതമാനത്തിൽ നിന്ന് 46 ശതമാനമായി കുറയും. മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം 1,848 ബില്യൺ യൂണിറ്റിൽ നിന്ന് 3,228 ബില്യൺ യൂണിറ്റായി വർദ്ധിക്കുമ്പോൾ, അതിന്റെ വലിയൊരു പങ്ക് സൗരോർജ്ജത്തിൽ നിന്നായിരിക്കും. വാർഷിക വളർച്ചാ നിരക്കിൽ സൗരോർജ്ജ മേഖല 22 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡാറ്റാ സെന്ററുകളും ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനവുമാണ് സൗരോർജ്ജ ആവശ്യകത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയുടെ വളർച്ചയോടെ ഇന്ത്യയുടെ ഡാറ്റാ സെന്റർ ശേഷി 2035-ഓടെ 1.5GW-ൽ നിന്ന് 11.5GW ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി മാത്രം 45GW അധിക സൗരോർജ്ജ ശേഷി ആവശ്യമായി വരും. ഗ്രീൻ ഹൈഡ്രജൻ കൂടി കണക്കിലെടുക്കുമ്പോൾ, 2035-ഓടെ മൊത്തം 251GW അധിക സൗരോർജ്ജ ശേഷി ഇന്ത്യക്ക് വേണ്ടിവരും. ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇന്ത്യക്ക് കഴിയുന്നുവെന്നതാണ് ഈ മേഖലയിലെ പ്രധാന നേട്ടം. കുറഞ്ഞ താരിഫും, ചൈനയേക്കാൾ കുറഞ്ഞ ഇൻസ്റ്റാളേഷൻ ചെലവും ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. മേഖലയിലെ ശക്തമായ വരുമാന വളർച്ച നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണ് നൽകുന്നതെന്നും നുവാമ സൂചിപ്പിക്കുന്നു.