പാമ്പനാർ: നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇന്ന് പുലർച്ചെയോടെ പൂർണ്ണമായും തകർന്നു വീണത്. അപകടം നടന്ന സമയം കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടം കഴിഞ്ഞ ഒരു വർഷമായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. കെട്ടിടം തകർന്നു വീണതോടെ പ്രദേശത്ത് പരിഭ്രാന്തി പരന്നു. സംഭവത്തെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്.
കെട്ടിട നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും നിർമാണത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമാണം നടന്നതെന്ന കാര്യത്തിലും പരിശോധന നടക്കും.