അരൂർ: അരൂരില്‍ ഇടിമിന്നലേറ്റ് അറുപതുകാരന് ദാരുണമായി മരിച്ചു. കോടംതുരുത്ത് ചമ്മനാട്ടുതറയില്‍ രവി (60) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
വീടിനോട് ചേർന്നുള്ള ശുചിമുറിയിലേക്ക് കുളിക്കാനായി നടന്നുപോകുന്നതിനിടെയാണ് രവിക്ക് ഇടിമിന്നലേറ്റത്. ശക്തമായ മിന്നലേറ്റതിനെത്തുടർന്ന് ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രവിയെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ട സാഹചര്യത്തിലാണ് അപകടമുണ്ടായത്.