അർജന്റീന: ഫ്രഞ്ച് അന്വേഷണാത്മക മാധ്യമപ്രവർത്തകൻ റൊമെയ്ൻ മൊളിന അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ (എഎഫ്എ) ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. വനിതാ യൂത്ത് ദേശീയ ടീം പരിശീലകനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും, ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്നതായി പറയപ്പെടുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേടുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
റിപ്പോർട്ട് പ്രകാരം, അർജന്റീനയുടെ വനിതാ അണ്ടർ-16, അണ്ടർ-17 ടീമുകളുടെ പരിശീലകനായിരുന്ന ഡീഗോ ഗുവാച്ചി, വർഷങ്ങളോളം യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നാണ് ആരോപണം. താരങ്ങളിൽ നിന്ന് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇത്തരം വിവരങ്ങൾ അസോസിയേഷന് അറിയാമായിരുന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. പരാതിക്കാർ ഫിഫയുടെ എത്തിക്സ് കമ്മിറ്റിയെ സമീപിച്ച് രഹസ്യപരിരക്ഷ തേടിയെങ്കിലും, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു. പരാതി നൽകിയവരുടെ വിവരങ്ങൾ പുറത്തായതോടെ അവരുടെ കരിയർ തന്നെ തകർന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സാമ്പത്തിക രംഗത്തും അസോസിയേഷൻ വലിയ ക്രമക്കേടുകൾ നടത്തിയതായി മൊളിന ആരോപിക്കുന്നു. 2022-ലെ ലോകകപ്പ് വിജയത്തിന് തൊട്ടുമുമ്പായി, എഎഫ്എയുടെ അന്താരാഷ്ട്ര വാണിജ്യാവകാശങ്ങൾ മിയാമി ആസ്ഥാനമായ ‘ടൂർ പ്രെന്റർ’ എന്ന കമ്പനിക്ക് കൈമാറിയതാണ് പ്രധാന ആരോപണം. ഫുട്ബോൾ രംഗത്ത് പരിചയമില്ലാത്തവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ കമ്പനിക്ക് ദേശീയ ടീമിന്റെ വരുമാനത്തിൽ നിന്ന് 30 ശതമാനം കമ്മീഷൻ അനുവദിച്ചു. ലോകകപ്പ് സമ്മാനത്തുകയടക്കം സ്പോൺസർഷിപ്പ് തുകകൾ നേരിട്ട് എഎഫ്എ അക്കൗണ്ടിലേക്ക് എത്തുന്നതിന് പകരം, ഈ കമ്പനിയുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഈ പണം ഷെൽ കമ്പനികൾ വഴി വകമാറ്റി, ആഡംബര വസ്തുക്കളും വിദേശ ക്ലബ്ബുകളുടെ ഉടമസ്ഥാവകാശവും സ്വന്തമാക്കാൻ ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആരോപണങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ വലിയ തോതിലുള്ള ഭീഷണികളും ഓൺലൈൻ ആക്രമണങ്ങളും നടക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.